തിരുവനന്തപുരം: റസൂൽ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. ചീഫ് സെക്രട്ടറിക്കാണ് രാജിക്കത്ത് കൈമാറിയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. റസൂലിനോട് സ്ഥാനത്ത് തുടരണമെന്ന നിർദേശം യുഡിഎഫ് സർക്കാർ നൽകിയിരുന്നില്ല.
അതേസമയം പുതിയ ചെയർമാനായി പല പേരുകൾ സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ജഗദീഷ്, സലിം കുമാർ, ദീപു കരുണാകരൻ തുടങ്ങിയവരാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പിണറായി വിജയൻ സർക്കാർ നിയമിച്ചത്. ചെയർമാനായിരുന്ന പ്രേംകുമാറിനെ നീക്കിയായിരുന്നു റസൂൽ പൂക്കുട്ടിയുടെ നിയമനം. ഇതേതുടർന്ന് പ്രേംകുമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.